ചാലക്കുടിയില്‍ ഇന്നസെന്റ് പ്രചാരണം തുടങ്ങി:
തൃശൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. സ്വതന്ത്രനായി ‘കുടം’ ചിഹ്നത്തില്‍ മത്സരിച്ച ഇന്നസെന്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അരിവാള്‍ ചുറ്റിക നക്ഷത്രത്തിലേക്കു മാറി. സ്ഥാനാര്‍ഥികള്‍ ആരെന്ന് മനസിലാക്കാതെ ഉഴലുകയാണ് പ്രതിപക്ഷ മുന്നണികളിലെ പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ഇപ്പോഴും നിരവധി പേരുകള്‍ ഉയരുന്നു. കെ.പി. ധനപാലന്‍, ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, എം.പി. ജാക്‌സണ്‍ എന്നിവ ഇതിലുള്‍പ്പെടും. എന്‍.ഡി.എയിലാകട്ടെ എ.എന്‍. രാധാകൃഷ്ണന്റെ പേരിനാണു മുന്‍തൂക്കം. ചാലക്കുടിയില്‍ എല്‍.ഡി.എഫ്., യു.ഡി.എഫ്. മുന്നണികള്‍ തമ്മിലാണ് മത്സരമെങ്കിലും എന്‍.ഡി.എയെ തള്ളിക്കളയാനാവില്ല. ശബരിമല വിഷയത്തിനു പിന്നാലെ ഹിന്ദുക്കളിലേക്കു കൂടുതല്‍ കടന്നെത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞു. കയ്പമംഗലത്ത് നടന്ന ഉപതെരഞ്ഞെടുപ്പ് ചിത്രം കാട്ടുന്നതും ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായിട്ടു പോലും ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍നിന്ന് സീറ്റ് യു.ഡി.എഫ്. പിടിച്ചെടുത്തു. നൂറില്‍ താഴെ മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പി. ഇരുന്നൂറ്റിയമ്പതോളം വോട്ടുകള്‍ നേടി. എല്‍.ഡി.എഫും. ബി.ജെ.പിയും തമ്മില്‍ പത്തില്‍ താഴെ മാത്രമാണ് വോട്ടുകള്‍ തമ്മിലുള്ള വ്യത്യാസം. മത്സര രംഗത്തേക്കില്ലന്ന് പറഞ്ഞ ഇന്നസെന്റ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയില്‍ വന്നതും സംസാരവിഷയമായി.
‘കുടം’ അടയാളത്തില്‍ മത്സരിച്ച ഇന്നസെന്റ് പാര്‍ട്ടി ചിഹ്നത്തില്‍ വരുമ്പോള്‍ നിഷ്പക്ഷ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുമെന്ന് കണ്ടറിയണം. ആം ആദ്മി സ്ഥാനാര്‍ഥി പിടിച്ച നാല്‍പ്പതിനായിരത്തില്‍ താഴെയുള്ള വോട്ടുകള്‍ ആരെ തള്ളണം ആരെ കൊള്ളണം എന്ന വിധി നിര്‍ണയത്തില്‍ നിര്‍ണായക പങ്ക് വഹിക്കും. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയാല്‍ മാത്രമെ സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ക്ഷണിക്കുകയുള്ളു എന്ന സന്ദേശം വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
ന്യൂനപക്ഷ സമുദായത്തിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്. ഇതെല്ലാം വോട്ടെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്നുള്ളത് വോട്ടെണ്ണിയാല്‍ മാത്രമെ തിരിച്ചറിയാന്‍ സാധിക്കു. ഇടതുപക്ഷത്തിന് ശക്തിയായ അടിത്തറയുള്ള നിയോജക മണ്ഡലമാണ് കയ്പമംഗലം. ഇന്നസെന്റ് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ കണക്ക് എതിരാളികളെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്.
പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കുന്നതിനാല്‍ ഇത്തവണ ആശങ്ക വേണ്ടെന്ന് ഇന്നസെന്റ് എംപി. സി.പി.എം കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മറ്റി മാളയില്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പേരിനൊപ്പം സഖാവ് കൂടി ചേര്‍ത്ത് വിളിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ പുരസ്‌കാരം ലഭിച്ച വനിതകളെ എം.പി. ആദരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അംഗം അഡ്വ. കെ. പി. സുമതി വനിതാ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ടി. സി. ഭാനുമതി അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ. ചന്ദ്രന്‍ പിള്ള, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. കെ. ഡേവിസ്, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. കെ. ആര്‍. വിജയ തുടങ്ങിയവര്‍ പ്രസംഗിച്ചു.